പകര്‍ച്ചവ്യാധികളും മരുന്നുപയോഗവും കുറയുന്നു

ഏപ്രിൽ-സെപ്റ്റംബർ കാലയളവിലാണ് കേരളത്തിൽ രോഗങ്ങൾ പെരുകുന്നത്. എന്നാൽ, ഈ വർഷം വൈറൽ പനി, ഡെങ്കി, എലിപ്പനി, പന്നിപ്പനി, വയറിളക്കം, ഛർദി, ശ്വാസകോശരോഗങ്ങൾ, ക്ഷയം തുടങ്ങിയവ കുറച്ചുമാത്രമേ റിപ്പോർട്ട് ചെയ്തുള്ളൂ

പകര്‍ച്ചവ്യാധികളും മരുന്നുപയോഗവും കുറയുന്നു

കോഴിക്കോട്: കോവിഡ് കാലത്ത് മറ്റു പകർച്ചവ്യാധികളുടെ വ്യാപനം കുത്തനെ കുറഞ്ഞു. കുട്ടികളുടെ രോഗങ്ങൾക്കും ഗണ്യമായ കുറവുണ്ട്. അവയ്ക്കുള്ള മരുന്നുകളുടെ ഉപയോഗവും കുറഞ്ഞു. എന്നാൽ, ജീവിതശൈലീ രോഗങ്ങൾ, മാനസികസമ്മർദം, അർബുദം എന്നിവയുടെ മരുന്നുകളുടെ ഉപയോഗത്തിൽ വ്യത്യാസമില്ല.

ഏപ്രിൽ-സെപ്റ്റംബർ കാലയളവിലാണ് കേരളത്തിൽ രോഗങ്ങൾ പെരുകുന്നത്. എന്നാൽ, ഈ വർഷം വൈറൽ പനി, ഡെങ്കി, എലിപ്പനി, പന്നിപ്പനി, വയറിളക്കം, ഛർദി, ശ്വാസകോശരോഗങ്ങൾ, ക്ഷയം തുടങ്ങിയവ കുറച്ചുമാത്രമേ റിപ്പോർട്ട് ചെയ്തുള്ളൂ. പല രോഗങ്ങളും മുൻവർഷത്തേതിന്റെ നേർപകുതിപോലും ഉണ്ടായില്ല.

പ്രായമായവരും കുട്ടികളും പുറത്തിറങ്ങുന്നത് കുറഞ്ഞത് ഇതിന് ഒരുകാരണമായി വിദഗ്ധർ പറയുന്നു. പലതവണ കൈകഴുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതുമൊക്കെ കോവിഡിതര അസുഖങ്ങൾ പടരാതിരിക്കുന്നതിനു കാരണമായി. ചികിത്സതേടുന്നത് അത്യാവശ്യത്തിനു മാത്രമായതോടെ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലും കുറവുണ്ടായി.

അനാവശ്യമായി മരുന്നുകളും വേദനസംഹാരികളും ഉപയോഗിക്കുന്നതിൽ മാറ്റംവന്നതായി ഈ രംഗത്തുള്ളവർ പറയുന്നു. കുട്ടികളുടെ പല സിറപ്പുകളുടെയും ഉപയോഗം കഴിഞ്ഞവർഷം ഈ കാലത്തുള്ളതിന്റെ മൂന്നുശതമാനം മാത്രമാണ്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും 30 ശതമാനം കുറഞ്ഞു.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും മരുന്നുപയോഗത്തിൽ ഗണ്യമായ കുറവുണ്ടായി. ഇവിടങ്ങളിലെല്ലം മരുന്നുനൽകുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് മരുന്നുകളുടെ ആദ്യഗഡു മാത്രമേ ഇതുവരെ വാങ്ങേണ്ടിവന്നിട്ടുള്ളൂ. രണ്ടും മൂന്നും ഗഡുക്കൾക്ക് ഓർഡർപോലും നൽകേണ്ടിവന്നില്ല.

മരുന്നുകൾ നശിച്ചുപോവാതിരിക്കാൻ ശ്രദ്ധിക്കുന്നു

മരുന്നുകളുടെ ഉപയോഗത്തിൽ കുറവുവന്നതിനാൽ ആവശ്യത്തിലധികം സംഭരിക്കുന്നില്ല. ഉത്‌പാദനത്തീയതിയും കാലാവധിയും ശ്രദ്ധിച്ചാണ് മരുന്നുകൾ നൽകുന്നത്. അവ കാലാവധി കഴിഞ്ഞ് നശിച്ചു പോകാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.

-ഡോ. എസ്.ആർ. ദിലീപ് കുമാർ,
ജനറൽ മാനേജർ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

മരുന്നുവിതരണം പകുതിയായി

സ്വകാര്യമേഖലയിലും മരുന്നുവിതരണത്തിൽ 45-50 ശതമാനം കുറവുവന്നിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് 30-35 ശതമാനത്തോളം ആന്റിബയോട്ടിക് ഉപയോഗം കുറഞ്ഞു.